Monday, November 4, 2013

നർത്തകി
കഴിഞ്ഞ ശനിയാഴ്ചയാണ് ഞാൻ ആദ്യമായി അവരെ കണ്ടത്. അവരുടെ നൃത്യഗ്രാമം എന്ന ഗുരുകുല വിദ്യാലയത്തിൽ വെച്ച് . 
പഠിക്കുന്ന കുട്ടികള്ക്കിടയിലൂടെ പുറകുവശത്തേക്ക് നടന്നു പോയ യുവത്വം 
മാറിയ സ്ത്രീ .കണ്ണുകളിൽ ധാർഷ്ട്യം , എന്തൊക്കെയോ കണക്കുകൂട്ടലുകൾ ഓരോ വാക്കുകളിലും. കുട്ടികളിൽ ആരും 
അവരെ ശ്രദ്ധിക്കുന്നില്ലായിരുന്നു.എന്റെ കണ്ണുകൾ അവരുടെ ഓരോ ചെയ്തികളിലും 
ഉടക്കി നിന്നു.മെലിഞ്ഞ ശരീരം ഏതു രീതിയിലും വളയുമെന്നു  തോന്നി . തറയിൽ ചടഞ്ഞിരുന്നത്‌ എനിക്കഭിമുഖമായായിരുന്നു .വെള്ളാരം കണ്ണുകൾ. അവർ നൃത്തം ചെയ്യാൻ തുടങ്ങിയതെപ്പോഴെന്നു ഓർമ്മയിൽ വരുന്നില്ല. ദുർഗാദേവിയെപ്പോലെ.ഓരോ ചലനത്തിലും വഴിഞ്ഞൊഴുകുന്ന സൗന്ദര്യം.കാച്ചിക്കുറുക്കിയ ഭാവപ്രകടനങ്ങൾ , മിതത്വം പാലിക്കുന്ന മുദ്രകൾ.സുരുപ സെൻ .ഒഡിസ്സി നർത്തകി . പ്രൊതിമ ബേദിയുടെ ശിഷ്യപരമ്പരയിൽ പ്രഥമ.
   
         നൃത്തം,സംഗീതം , ഒന്നിലധികം ആയോധനകലകൾ ,സംസ്കൃതം ....സുരുപ സെൻ സ്വയം ഒരു പ്രസ്ഥാനമാണ് .നൃത്യഗ്രാമത്തിന്റെ വെബ്സൈറ്റ് ഇങ്ങനെ പറയുന്നു

"Surupa Sen can become a warrior, a deer, a God. Her painted hands can tell a story that is 2000 years old. With the sensuous movements of her body, she can portray power, vulnerability and love. With her eyes she can show joy and fear and tragedy. All in the course of a performance."

Tuesday, December 4, 2012

ഇരട്ടക്കുട്ടികള്‍"നഖത്തിന്റെ അത്രയുള്ള  ചെവി ,അത്രയും ചെറുത്‌   "  ഭര്‍ത്താവ് എഴുന്നേറ്റു.അവള്‍  ഓര്‍മ്മയുടെ ഓരോ താളും തിരിച്ചും മറിച്ചും നോക്കി.ഉറങ്ങിക്കിടക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ ....അവരുടെ ഒരു ചിത്രമെങ്കിലും .....താളുകളിലോന്നില്‍ നിന്ന് ഒരു കുട്ടി കണ്ണുതുറന്നു ചിരിച്ചു . അവള്‍  പേജ് അനക്കാതെ  കാത്തിരുന്നു.
"നീ കണ്ടിട്ടില്ലാത്ത കുട്ടികള്‍  എങ്ങനെയാണ് നിന്റെ ഓര്‍മയില്‍ ഉണ്ടാവുക ?" ഭര്‍ത്താവിന്റെ വാക്കുകള്‍ക്കു ഭാരം."ഓര്‍ത്തു നോക്കൂ ...വേറെ എന്തെങ്കിലും ?" ചോദ്യത്തിന് മുന്നില്‍ ഭര്‍ത്താവ് വീണ്ടും ചിന്താമഗ്നനായി."തലയ്ക്കു കുറച്ചു വലിപ്പം കൂടുതല്‍ ..നിന്റേതു പോലെ " അയാള്‍ കണ്ണുകള്‍ താഴ്ത്തി. "കണ്ണുകള്‍ ? മുടി ?"  അവള്‍ ഭര്‍ത്താവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി. അയാള്‍ മൌനം അവലംബിച്ചു .

 ആ കറുത്ത സ്വപ്നം അവസാനിക്കുമ്പോള്‍ വയറ്റില്‍ കുട്ടികളുടെ തൊഴി അറിയുമെന്ന് വിശ്വസിച്ച് അവള്‍ കണ്ണടച്ചു കിടന്നു .അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു കസേരയില്‍ പുറകോട്ടു ചാരിയിരുന്നു.അപ്പോഴേക്കും നഗരത്തിന്റെ അറ്റത്തുള്ള ഒരു ചവറ്റുകൂനയില്‍ ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Friday, May 11, 2012

വിഷം

നിന്റെ പ്രണയത്തിന്റെ അനന്തമായ അലകള്‍ ആഞ്ഞടിച്ചത് എന്റെ ഹൃദയത്തിലായിരുന്നു.തിരകളില്‍ ചാഞ്ഞാടിയ കൊതുമ്പു വള്ളത്തില്‍ ഞാന്‍ വിറയ്ക്കുന്ന കൈകളാല്‍ അള്ളിപ്പിടിച്ചിരുന്നു. നിലാവുപെയ്യുന്ന രാത്രിയുടെ അന്ത്യയാമത്തില്‍ ഒരു പാട്ടോഴുകി വന്നു.അതെന്റെ വ്രന്നിതമായ മനസ്സിനെ കുത്തിക്കൊന്നു. നീ പാട്ടുപാടും ,അല്ലെ?

Thursday, September 22, 2011

വിഭ്രാന്തി

കറുത്ത പുറംകുപ്പായം മനസ്സില്‍ നിഴലുകള്‍ വീഴ്ത്തിയിട്ടുണ്ടാവുമെന്നു


പറഞ്ഞാണ് ഞാന്‍ നിന്നെ വെറുക്കാന്‍ ശ്രമിച്ചത് .


നിഴലുകള്‍ അതിരിടുന്നത് എന്‍റെ പതനമാണെന്ന് ഞാന്‍ ഭയന്നു


പക്ഷേ എന്‍റെ സ്വപ്നങ്ങളില്‍ നീ അവശേഷിപ്പിച്ചത് പ്രണയം മാത്രമായിരുന്നു ,


അപ്രാപ്യമായ പ്രണയത്തിന്റെ ഹൃദയാഘാതങ്ങള്‍ ;


അതിനു ഞാന്‍ മഞ്ഞ നിറം കൊടുത്തുകൊണ്ടേയിരുന്നു .


നീ പാടിയതൊക്കെയും അപശബ്ദമെന്നു ,


നിന്റെ പുഞ്ചിരി കാപട്യമെന്ന് ,


നിന്റെ വാക്കുകള്‍ വന്ജനയെന്നു ,


ഞാനെന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു ,അയാളെയും .


അയാള്‍ നിന്നെ ഗാഥഗാധം പ്രണയിക്കുകയായിരുന്നു.


അയാളുടെ നിശ്വാസങ്ങള്‍ക്ക് നിന്റെ മണമായിരുന്നു


അയാളുടെ പ്രതീക്ഷകളിലോക്കെയും നിന്റെ കണ്ണിലെ പ്രകാശമുണ്ടായിരുന്നു


കരിന്തിരി കത്തുന്ന നിലവിളക്കിന്റെ പ്രകാശം .


കഥയവസാനിച്ചു പുസ്തകമാടച്ചപ്പോഴേക്കും അയാളെന്റെ സ്വന്തമായി ;


കറുത്ത പെണ്‍കുട്ടി ,നിന്‍റെ പേരുള്ള അലേഖകള്‍ നീല മഷി പുരണ്ടിരുന്നു .Monday, January 31, 2011

വാടാത്ത പൂക്കള്‍

നിഴലുകള്‍ക്ക് നിറം കൊടുക്കുന്നത് സ്വപ്നം
കണ്ടിരുന്നു ഒരു പെണ്‍കുട്ടി .
മുറ്റത്തു ഒരു മുല്ലവള്ളി ഉണ്ടാവുമെന്നും സുഗന്ധം
പൊഴിക്കുന്ന പൂക്കള്‍ നടവഴിയിലെങ്ങും വീണു
കിടക്കുമെന്നും അവള്‍ സ്വപ്നം കണ്ടു .
വാഴനാരില്‍ ഇഴകോര്തപ്പോഴും പൂക്കള്‍

പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
വിഗ്രഹത്തില്‍ ചാര്‍ത്താന്‍ ഒരുങ്ങിയപ്പോഴാണ്
മുന്നില്‍ ആരോ തലേന്ന് വെച്ച ഒരു കുമ്പിള്‍ പൂക്കള്‍ കണ്ണില്‍പ്പെട്ടത് ,
വാടാത്ത പൂക്കളുടെ സുഗന്ധം
അവളെ സ്വപ്നത്തില്‍ നിന്നുണര്‍ത്തി.
പെണ്‍കുട്ടി ഓടി മുറ്റത്തു ചെന്ന് നോക്കി ,
നടവഴിയിലെ പൂക്കളെല്ലാം ആരുടെയോ
കാലിനടിയില്‍ പെട്ട് ചതഞ്ഞിരുന്നു .

Friday, December 10, 2010

നീലിച്ച ദിവസങ്ങള്‍

ഏകാന്തതയ്ക്ക് നീല നിറമാണ് ;
കാല്‍ക്കീഴില്‍ നിന്ന് ഒലിച്ചു പോകുന്ന അവസാനത്തെ
മണല്ത്തരിയെയും ആഴങ്ങളിലൊളിപ്പിച്ച കടലിന്റെ നിറം .
ഹൃദയത്തിന്റെ വലത്തേ കോണില്‍ വേദന മിടിക്കുമ്പോള്‍
തളം കെട്ടുന്ന കണ്ണുനീരിനും നേര്‍ത്ത നീല നിറമുണ്ട് .
ഒഴുകുന്ന കണ്ണുനീരിനു നീല നിറമില്ലെന്ന് കണ്ടു പിടിച്ചത്
മഴമേഘങ്ങളില്ലാത്ത ഒരു പ്രഭാതത്തിലായിരുന്നു
അന്നുമുതല്‍ അവള്‍ കരയാന്‍ തുടങ്ങി.

Friday, April 23, 2010

എന്റെ കഥ

ഒഴുകിയകലുന്ന പുഴക്കും പറന്നു പോകുന്ന പക്ഷിക്കും
പറയാനുണ്ടാവും ഒരു വേര്‍പാടിന്റെ കഥ .
പറഞ്ഞു തീര്‍ക്കാന്‍ ഇനിയും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ
യാത്ര തുടരുന്നു പുഴ ,
ചിറകു വിടര്‍ത്താന്‍ എനിക്കെന്തിഷ്ടമെന്നു പക്ഷി .
ഇരുട്ടിന്റെ പൊത്തില്‍ നിന്നും കഥകള്‍ ഇറങ്ങിവന്നു ,
നിദ്രയെ ദൂരെയകറ്റി എന്റെ മൌനത്തിനു കൂട്ടിരുന്നു,
പുലരിയുടെ അവസാനയാമത്തില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍
നിദ്ര മാത്രം അസ്വസ്ഥയായി .
കവിളിലെ കന്നുനീര്‍ച്ചാല് രാത്രിയുടെ ബാക്കിപത്രമായി ശേഷിച്ചു
ഞാന്‍ കഥകളെ തിരഞ്ഞു നടന്നു തുടങ്ങി ,
കനല്‍പ്പാതയില്‍ നീറുന്ന കാലുകള്‍ ലക്ഷ്യമില്ലാതലഞ്ഞു.
ഒടുവില്‍ കണ്ടുമുട്ടിയപ്പോള്‍ പുഴ ചിരിച്ചു ,
കഥകള് ഒരു തവണത്തേക്ക് മാത്രം ;
നിനക്കന്യമായ വേദനയുടെ കയ്പുനീര് പകരുവാന്‍ മാത്രം .
പുഴ വീണ്ടുമോഴുകി , കഥകള്‍ ഉപേക്ഷിച്ച്
എന്റെ സ്പന്ദങ്ങള്‍ മാത്രം പകരുന്ന താളത്തില്‍ .
ഞാന്‍ പക്ഷിയെ കാത്തിരുന്നു , എന്റെ കഥ പറയാന്‍
അതില്‍ വേര്‍പാടില്ലയെന്നോര്‍ത്തു ഞാന്‍ ഖിന്നയായി .