Friday, December 10, 2010

നീലിച്ച ദിവസങ്ങള്‍

ഏകാന്തതയ്ക്ക് നീല നിറമാണ് ;
കാല്‍ക്കീഴില്‍ നിന്ന് ഒലിച്ചു പോകുന്ന അവസാനത്തെ
മണല്ത്തരിയെയും ആഴങ്ങളിലൊളിപ്പിച്ച കടലിന്റെ നിറം .
ഹൃദയത്തിന്റെ വലത്തേ കോണില്‍ വേദന മിടിക്കുമ്പോള്‍
തളം കെട്ടുന്ന കണ്ണുനീരിനും നേര്‍ത്ത നീല നിറമുണ്ട് .
ഒഴുകുന്ന കണ്ണുനീരിനു നീല നിറമില്ലെന്ന് കണ്ടു പിടിച്ചത്
മഴമേഘങ്ങളില്ലാത്ത ഒരു പ്രഭാതത്തിലായിരുന്നു
അന്നുമുതല്‍ അവള്‍ കരയാന്‍ തുടങ്ങി.

Friday, April 23, 2010

എന്റെ കഥ

ഒഴുകിയകലുന്ന പുഴക്കും പറന്നു പോകുന്ന പക്ഷിക്കും
പറയാനുണ്ടാവും ഒരു വേര്‍പാടിന്റെ കഥ .
പറഞ്ഞു തീര്‍ക്കാന്‍ ഇനിയും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ
യാത്ര തുടരുന്നു പുഴ ,
ചിറകു വിടര്‍ത്താന്‍ എനിക്കെന്തിഷ്ടമെന്നു പക്ഷി .
ഇരുട്ടിന്റെ പൊത്തില്‍ നിന്നും കഥകള്‍ ഇറങ്ങിവന്നു ,
നിദ്രയെ ദൂരെയകറ്റി എന്റെ മൌനത്തിനു കൂട്ടിരുന്നു,
പുലരിയുടെ അവസാനയാമത്തില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍
നിദ്ര മാത്രം അസ്വസ്ഥയായി .
കവിളിലെ കന്നുനീര്‍ച്ചാല് രാത്രിയുടെ ബാക്കിപത്രമായി ശേഷിച്ചു
ഞാന്‍ കഥകളെ തിരഞ്ഞു നടന്നു തുടങ്ങി ,
കനല്‍പ്പാതയില്‍ നീറുന്ന കാലുകള്‍ ലക്ഷ്യമില്ലാതലഞ്ഞു.
ഒടുവില്‍ കണ്ടുമുട്ടിയപ്പോള്‍ പുഴ ചിരിച്ചു ,
കഥകള് ഒരു തവണത്തേക്ക് മാത്രം ;
നിനക്കന്യമായ വേദനയുടെ കയ്പുനീര് പകരുവാന്‍ മാത്രം .
പുഴ വീണ്ടുമോഴുകി , കഥകള്‍ ഉപേക്ഷിച്ച്
എന്റെ സ്പന്ദങ്ങള്‍ മാത്രം പകരുന്ന താളത്തില്‍ .
ഞാന്‍ പക്ഷിയെ കാത്തിരുന്നു , എന്റെ കഥ പറയാന്‍
അതില്‍ വേര്‍പാടില്ലയെന്നോര്‍ത്തു ഞാന്‍ ഖിന്നയായി .

Wednesday, March 17, 2010

അറിയുന്നു ഞാന്‍ .....


നിറങ്ങളിയന്നോരോര്‍മ്മതന്നാഴിയില്‍
നിന്നളന്നെട്ത്തൊരു നാഴി മുത്തുകള്‍
ഒരു ദീര്‍ഘനിശ്വാസതിന്നതിരില്‍ തുളുമ്പി
തെറിച്ചു വീണെങ്ങോ നഷ്ടമായി .

ഒരു സായന്തനത്തിന്‍ ചുവപ്പ്
പടര്‍ന്നിരങ്ങിയോരെന്‍
അന്തരാളത്തിലതിന്‍ മുഴക്കം
മാറ്റൊലിക്കൊണ്ടു .

പിറക്കാന്‍ മടിച്ചൊരു കണ്ണ് നീര്തുള്ളിയായി ,
ഉടലെടുക്കാന്‍ മറന്നുരങ്ങിയോരീണമായി
സാന്ദ്രമായ് താളത്തിലോഴുകി ,രാഗം ,
പെയ്തൊഴിയാന്‍ വെമ്ബിയൊരു രാത്രിമഴയായി .

തുറക്കുവാന്‍ മറന്നൊരെന്‍ ജാലക വാതിലില്‍
മുട്ടി വിളിക്കുമാ പൂങ്കാറ്റിനോടെന്തു ചൊല്ലാന്‍,
തുറന്നിടട്ടെ മലര്‍ക്കെയീ ചില്ല് വാതില്‍ ഇനിയെന്നേക്കുമായി.