Tuesday, December 4, 2012

ഇരട്ടക്കുട്ടികള്‍



"നഖത്തിന്റെ അത്രയുള്ള  ചെവി ,അത്രയും ചെറുത്‌   "  ഭര്‍ത്താവ് എഴുന്നേറ്റു.അവള്‍  ഓര്‍മ്മയുടെ ഓരോ താളും തിരിച്ചും മറിച്ചും നോക്കി.ഉറങ്ങിക്കിടക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ ....അവരുടെ ഒരു ചിത്രമെങ്കിലും .....താളുകളിലോന്നില്‍ നിന്ന് ഒരു കുട്ടി കണ്ണുതുറന്നു ചിരിച്ചു . അവള്‍  പേജ് അനക്കാതെ  കാത്തിരുന്നു.
"നീ കണ്ടിട്ടില്ലാത്ത കുട്ടികള്‍  എങ്ങനെയാണ് നിന്റെ ഓര്‍മയില്‍ ഉണ്ടാവുക ?" ഭര്‍ത്താവിന്റെ വാക്കുകള്‍ക്കു ഭാരം."ഓര്‍ത്തു നോക്കൂ ...വേറെ എന്തെങ്കിലും ?" ചോദ്യത്തിന് മുന്നില്‍ ഭര്‍ത്താവ് വീണ്ടും ചിന്താമഗ്നനായി."തലയ്ക്കു കുറച്ചു വലിപ്പം കൂടുതല്‍ ..നിന്റേതു പോലെ " അയാള്‍ കണ്ണുകള്‍ താഴ്ത്തി. "കണ്ണുകള്‍ ? മുടി ?"  അവള്‍ ഭര്‍ത്താവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി. അയാള്‍ മൌനം അവലംബിച്ചു .

 ആ കറുത്ത സ്വപ്നം അവസാനിക്കുമ്പോള്‍ വയറ്റില്‍ കുട്ടികളുടെ തൊഴി അറിയുമെന്ന് വിശ്വസിച്ച് അവള്‍ കണ്ണടച്ചു കിടന്നു .അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു കസേരയില്‍ പുറകോട്ടു ചാരിയിരുന്നു.അപ്പോഴേക്കും നഗരത്തിന്റെ അറ്റത്തുള്ള ഒരു ചവറ്റുകൂനയില്‍ ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Friday, May 11, 2012

വിഷം

നിന്റെ പ്രണയത്തിന്റെ അനന്തമായ അലകള്‍ ആഞ്ഞടിച്ചത് എന്റെ ഹൃദയത്തിലായിരുന്നു.തിരകളില്‍ ചാഞ്ഞാടിയ കൊതുമ്പു വള്ളത്തില്‍ ഞാന്‍ വിറയ്ക്കുന്ന കൈകളാല്‍ അള്ളിപ്പിടിച്ചിരുന്നു. നിലാവുപെയ്യുന്ന രാത്രിയുടെ അന്ത്യയാമത്തില്‍ ഒരു പാട്ടോഴുകി വന്നു.അതെന്റെ വ്രന്നിതമായ മനസ്സിനെ കുത്തിക്കൊന്നു. നീ പാട്ടുപാടും ,അല്ലെ?