Friday, December 10, 2010

നീലിച്ച ദിവസങ്ങള്‍

ഏകാന്തതയ്ക്ക് നീല നിറമാണ് ;
കാല്‍ക്കീഴില്‍ നിന്ന് ഒലിച്ചു പോകുന്ന അവസാനത്തെ
മണല്ത്തരിയെയും ആഴങ്ങളിലൊളിപ്പിച്ച കടലിന്റെ നിറം .
ഹൃദയത്തിന്റെ വലത്തേ കോണില്‍ വേദന മിടിക്കുമ്പോള്‍
തളം കെട്ടുന്ന കണ്ണുനീരിനും നേര്‍ത്ത നീല നിറമുണ്ട് .
ഒഴുകുന്ന കണ്ണുനീരിനു നീല നിറമില്ലെന്ന് കണ്ടു പിടിച്ചത്
മഴമേഘങ്ങളില്ലാത്ത ഒരു പ്രഭാതത്തിലായിരുന്നു
അന്നുമുതല്‍ അവള്‍ കരയാന്‍ തുടങ്ങി.

Friday, April 23, 2010

എന്റെ കഥ

ഒഴുകിയകലുന്ന പുഴക്കും പറന്നു പോകുന്ന പക്ഷിക്കും
പറയാനുണ്ടാവും ഒരു വേര്‍പാടിന്റെ കഥ .
പറഞ്ഞു തീര്‍ക്കാന്‍ ഇനിയും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ
യാത്ര തുടരുന്നു പുഴ ,
ചിറകു വിടര്‍ത്താന്‍ എനിക്കെന്തിഷ്ടമെന്നു പക്ഷി .
ഇരുട്ടിന്റെ പൊത്തില്‍ നിന്നും കഥകള്‍ ഇറങ്ങിവന്നു ,
നിദ്രയെ ദൂരെയകറ്റി എന്റെ മൌനത്തിനു കൂട്ടിരുന്നു,
പുലരിയുടെ അവസാനയാമത്തില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍
നിദ്ര മാത്രം അസ്വസ്ഥയായി .
കവിളിലെ കന്നുനീര്‍ച്ചാല് രാത്രിയുടെ ബാക്കിപത്രമായി ശേഷിച്ചു
ഞാന്‍ കഥകളെ തിരഞ്ഞു നടന്നു തുടങ്ങി ,
കനല്‍പ്പാതയില്‍ നീറുന്ന കാലുകള്‍ ലക്ഷ്യമില്ലാതലഞ്ഞു.
ഒടുവില്‍ കണ്ടുമുട്ടിയപ്പോള്‍ പുഴ ചിരിച്ചു ,
ആ കഥകള് ഒരു തവണത്തേക്ക് മാത്രം ;
നിനക്കന്യമായ വേദനയുടെ കയ്പുനീര് പകരുവാന്‍ മാത്രം .
പുഴ വീണ്ടുമോഴുകി , കഥകള്‍ ഉപേക്ഷിച്ച്
എന്റെ സ്പന്ദങ്ങള്‍ മാത്രം പകരുന്ന താളത്തില്‍ .
ഞാന്‍ പക്ഷിയെ കാത്തിരുന്നു , എന്റെ കഥ പറയാന്‍
അതില്‍ വേര്‍പാടില്ലയെന്നോര്‍ത്തു ഞാന്‍ ഖിന്നയായി .

Wednesday, March 17, 2010

അറിയുന്നു ഞാന്‍ .....


നിറങ്ങളിയന്നോരോര്‍മ്മതന്നാഴിയില്‍
നിന്നളന്നെട്ത്തൊരു നാഴി മുത്തുകള്‍
ഒരു ദീര്‍ഘനിശ്വാസതിന്നതിരില്‍ തുളുമ്പി
തെറിച്ചു വീണെങ്ങോ നഷ്ടമായി .

ഒരു സായന്തനത്തിന്‍ ചുവപ്പ്
പടര്‍ന്നിരങ്ങിയോരെന്‍
അന്തരാളത്തിലതിന്‍ മുഴക്കം
മാറ്റൊലിക്കൊണ്ടു .

പിറക്കാന്‍ മടിച്ചൊരു കണ്ണ് നീര്തുള്ളിയായി ,
ഉടലെടുക്കാന്‍ മറന്നുരങ്ങിയോരീണമായി
സാന്ദ്രമായ് താളത്തിലോഴുകി ,രാഗം ,
പെയ്തൊഴിയാന്‍ വെമ്ബിയൊരു രാത്രിമഴയായി .

തുറക്കുവാന്‍ മറന്നൊരെന്‍ ജാലക വാതിലില്‍
മുട്ടി വിളിക്കുമാ പൂങ്കാറ്റിനോടെന്തു ചൊല്ലാന്‍,
തുറന്നിടട്ടെ മലര്‍ക്കെയീ ചില്ല് വാതില്‍ ഇനിയെന്നേക്കുമായി.

Thursday, October 15, 2009

ഒസാമ ബിറ്റ് ലാദന്‍

കലാലയ ജീവിതത്തിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ . ഒരു രസികന്റെ നേരംപോക്ക് ...




വീഡിയോ കടപ്പാട്‌ : യുട്യൂബ്

Friday, July 31, 2009

പാസ്‌ വേര്‍ഡുകള്‍

വാക്കുകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവ തന്നെ
അക്ഷരങ്ങള്‍ക്കിടയില്‍ അക്കങ്ങള്‍ നട്ടു അവയെ ഞാന്‍ ബലവത്താക്കി
പാസ്‌ വേര്‍ഡ്‌കള്‍ തീര്‍ത്ത സുരക്ഷിതത്വത്തില്‍ ഞാന്‍ നിര്‍ഭയം ഉറങ്ങി
ഉറക്കത്തില്‍ എന്റെ സ്വപ്നങ്ങളെ ഒരു വൈറസ് കാര്‍ന്നു തിന്നു
ഉറക്കമുന്നരാനുള്ള പാസ്സ്‌വേര്‍ഡ്‌ ഉം മോഷ്ടിക്കപ്പെട്ടു
പിറ്റേന്ന് രാവിലെ എനിക്ക് പകരം മറ്റൊരാള്‍ പ്രഭാതത്തിലേക്ക്‌ ലോഗിന്‍ ചെയ്തു
അയാള്‍ എന്റെ ദിനചര്യകളെ മാറ്റി എഴുതി
നിതാന്തമായ ഉറക്കത്തില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തുകൊണ്ടിരുന്നു
സ്വപ്നങ്ങളിലോന്നില്‍ എനിക്കാരുടെയോ പാസ്‌ വേര്‍ഡ്‌ കളഞ്ഞു കിട്ടി
ഞാന്‍ ഒരു അജ്ഞാതനായി ഉറക്കമുണര്‍ന്നു
പാസ്സ്‌വേര്‍ഡ്‌കളെയെല്ലാം താഴിട്ടു പൂട്ടി ഞാന്‍ വലിച്ചെറിഞ്ഞു
ഈ ജന്മമെന്കിലും ഭദ്രമായിരിക്കട്ടെ .


Friday, May 8, 2009

സൂര്യന്‍

പുതിയ വീട്ടില്‍ മറ്റുള്ളവര്‍ക്ക് മുമ്പെ ഓടി നടന്നു ഏറ്റവും സൂര്യ പ്രകാശമുള്ള മുറി എന്റെതായി പ്രഖ്യാപിച്ചു. ചില്ല് ജാലകങ്ങള്‍ തുറന്നപ്പോള്‍ ഇളം കാറ്റ് കൂട്ട് വന്നു. സുഖ നിദ്ര .ക്ലോക്കിലെ അലാരതിനോപ്പം ചെറു ചൂടു ശരീരത്തിലാകെ പടര്ന്നു കയറുന്നു. ചെറുതായി പൊള്ളി തുടങ്ങിയപ്പോള്‍ മനസില്ലാമനസ്സോടെ കണ്ണ് തുറന്നു. സൂര്യന്‍ ചതിച്ചു . ഇന്നലെ മുറി കണ്ട് അസൂയപ്പെട്ടവര്‍ക്കുപോലും ഇന്നത്‌ വേണ്ട. ഞാന്‍ എന്റെ വിധിയെ പഴിച്ചില്ല. അന്ന് മുതല്‍ ആസനത്തില്‍ സൂര്യനുടിക്കുന്നതിനു മുമ്പു ഉണരണം എന്ന് ഞാനെന്റെ സുഹൃത്തുFont sizeക്കളെ പറഞ്ഞു മനസിലാക്കാന്‍ തുടങ്ങി.

Monday, April 27, 2009

എനിയ്ക്കൊന്നും എഴുതാനില്ല .

കീബോര്‍ഡിലെ കര ചലനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നു എന്‍റെ ബ്ലോഗ് നിരാശയിലമര്‍ന്നു.എന്‍റെ നേര്‍ക്ക്‌ അമര്‍ഷത്തിന്റെ നോട്ടങ്ങലെരിഞ്ഞു."നീയെന്തിനെന്നെ create ചെയ്തു? " .സൃഷ്ടി കര്‍ത്താവിനു , എനിക്ക് , മൗനം മാത്രം. നിസ്സഹായത നിഴലുവിരിച്ച എന്‍റെ മുഖത്തേക്ക് ബ്ലോഗ് ഉറ്റു നോക്കി. " എന്തെങ്കിലും എഴുതി തുലയ്ക്ക്" . "എന്ത് ? ", എന്‍റെ ശബ്ദത്തില്‍ പ്രതീക്ഷകളില്ലായിരുന്നു. " നിനക്കൊന്നും എഴുതനില്ലെന്നു ", ബ്ലോഗ് പുച്ഛം അടക്കി .ഞാന്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി " എനിക്കൊന്നും എഴുതാനില്ല ".